Friday, August 17, 2012

വിധവ (മെയ്ഫ്ലവര്‍ കവിതകള്‍ )

കര നനഞ്ഞും, നിറ കവിഞ്ഞും
കരഞ്ഞൊഴുകുമീ പുഴപോലെ
കവിള്‍ നനഞ്ഞും, മിഴി നിറഞ്ഞും
കരഞ്ഞുരുകുന്നൊരു ഹൃദയമിവിടെ.


വേനല്‍ നിറച്ചൊരു നോവിന്‍റെ ചൂട്

വേദനയില്‍ നനഞ്ഞ് മിഴിയിലുരുകി

വേര്‍പാടിന്‍റെ വേദന ഹൃത്തടം നീറ്റി

വിരഹം നൊമ്പരമായ് നിറഞ്ഞൊഴുകി
.

അരികിലുണങ്ങി നില്‍ക്കുന്നൊരു മരം

അടര്‍ത്തിയിട്ട വരണ്ടൊരായിലകളില്‍

അഞ്ജനമെഴുതിയ മിഴിയിണകളില്‍ നിന്നും

അശ്രുകണങ്ങള്‍ തപിച്ചിതായുരുകുന്നു.


വരുമെന്ന് പറഞ്ഞു, വിടപറഞ്ഞൊരിക്കല്‍

വാക്കുകള്‍ കൊണ്ടെന്നെ ആശ്വസിപ്പിച്ചു

ഋതുക്കളെത്രയോ മാറിമറിഞ്ഞിട്ടിന്നും

ഋതുഭേദങ്ങളോര്‍ക്കാതെ കാത്തിരിക്കുന്നു.


കാലങ്ങളിങ്ങിനെ യാത്ര പറഞ്ഞകലുമ്പോള്‍

കൂന്തലില്‍ രജതരേഖകള്‍ തെളിയുമ്പോള്‍

കൂവളമിഴിയില്‍ കണ്ണട അലങ്കാരമാകുമ്പോള്‍

കാത്തിരിപ്പൊരു ദുരന്തമായ് മാറുന്നു.


സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും

സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും

വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും

വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.


പ്രിയനേ, ഒരു താലിയെന്‍ കഴുത്തിലണിയാതെ

പ്രിയനേ, നിന്‍ കരമെന്‍ കരത്തിലമരാതെ

പ്രിയനേ, നീയെനിക്കൊന്നുമേ ഏകാതെ

പ്രിയവധുവാകാതെ ,വിധവയായ് മാറി.


കാലമേ, നീ എനിക്കായ് കനിഞ്ഞേകിയ

കറുപ്പ് നിറഞ്ഞൊരീ ജീവിതമെന്തിന്

കരഞ്ഞുരുകി മനസ്സു വിങ്ങി തീരുവാനെങ്കില്‍

കാലമേ, പ്രളയമായ് വന്നെന്നെ തഴുകിയുറക്കൂ.

18 comments:

  1. കാലങ്ങളിങ്ങിനെ യാത്ര പറഞ്ഞകലുമ്പോള്‍
    കൂന്തലില്‍ രജതരേഖകള്‍ തെളിയുമ്പോള്‍
    കൂവളമിഴിയില്‍ കണ്ണട അലങ്കാരമാകുമ്പോള്‍
    കാത്തിരിപ്പൊരു ദുരന്തമായ് മാറുന്നു.
    ഒത്തിരി ഇഷ്ട്ടമായി ഈ വരികള്‍ ....
    നല്ല കവിതക്കെന്റെ അഭിനന്ദനങ്ങള്‍.... :)

    ReplyDelete
    Replies
    1. നല്ല വായനക്കെന്‍റെ നന്ദി ഷലീര്‍

      Delete
  2. വരികളില്‍ കാത്തിരിപ്പിന്റെ വേദന.. ഒടുവില്‍ മിഴിയിണക്കോണില്‍ ഒരു അശ്രു ബിന്ദുവായി വിട പറഞ്ഞ സ്നേഹം.. ഒടുവില്‍ വിധവയ മനസ്സ്‌......

    ReplyDelete
  3. നല്ല വരികള്..
    സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും
    സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും
    വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും
    വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.

    ആശംസകള്

    ReplyDelete
    Replies
    1. നന്ദി റൈനി ഡ്രീംസ്

      Delete
  4. കൊള്ളാട്ടോ...
    പക്ഷെ വിഷയം ഒരു സുഖമില്ലാത്തതാണ്
    വര്‍ണ്ണവിസ്മയവാക്കുകളുമായി വരൂ

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ട :)

      തീര്‍ച്ചയായും ശ്രമിക്കാം :)

      Delete
  5. പ്രിയനേ, ഒരു താലിയെന്‍ കഴുത്തിലണിയാതെ
    പ്രിയനേ, നിന്‍ കരമെന്‍ കരത്തിലമരാതെ
    പ്രിയനേ, നീയെനിക്കൊന്നുമേ ഏകാതെ
    പ്രിയവധുവാകാതെ ,വിധവയായ് മാറി.

    വേറിട്ടൊരു വൈധവ്യം.... വരികള്‍ ഇഷ്ട്ടായി!!

    ReplyDelete
    Replies
    1. നന്ദി വേണുച്ചേട്ടാ :)

      Delete
  6. സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും
    സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും
    വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും
    വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.
    ഈ വരികള്‍ ഏറെയിഷ്ടം...വൈധവ്യം ഇഷ്ടമില്ലാത്ത സത്യമാണെങ്കിലും കവിത ഇഷ്ടമായി...വിരഹം അതെ തീവ്രതയോടെ പറയാനുമായി...

    ReplyDelete
  7. കവിത നന്നായി...ഒരു അവലോകനം നടത്തുന്നില്ലാ... പ്രളയമായ് വന്നെന്നെ തഴുകിയുറക്കൂ.പ്രളയം തഴുകി ഉറക്കുമോ? ഇത്ത്രത്തിലുള്ള പ്രയീഗങ്ങൾ ചിലയിടത്തുണ്ട് അത് മാറ്റുക...ആശംസകൾ

    ReplyDelete
    Replies
    1. പ്രളയമായ് തഴുകിയുറക്കാന്‍ പറഞ്ഞത്
      ‘മരണത്തിലേക്ക്‘ എന്നര്‍ത്ഥത്തിലാണ്.
      അതുകൊണ്ട് തന്നെ ആ പ്രയോഗത്തില്‍
      തെറ്റില്ലാന്ന് കരുതുന്നു.

      Delete
  8. ഋതുഭേദങ്ങൾക്കപ്പുറം നീളൂന്ന കാത്തിരിപ്പ്‌... ............ ......
    അതിനെക്കാൾ ഭേദം മൃത്യു എന്ന ചിന്തയിലെത്തുന്നു.
    നൊമ്പരമിരമ്പുന്ന വരികൾ.

    ReplyDelete
    Replies
    1. നന്ദി വിജയേട്ടാ :)
      വായനക്കും, നല്ല അഭിപ്രായത്തിനും :)

      Delete
  9. പ്രിയപ്പെട്ട മെയ്‌ഫ്ലവര്‍,

    ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തിയ വരികള്‍.......!

    അപ്പോള്‍ ഇതെഴുമ്പോള്‍ എത്ര വേദന സഹിച്ചിട്ടുണ്ടാകും?

    ഹൃദയസ്പര്‍ശിയായ ഈ കവിത മനോഹരം !

    അമ്മ എപ്പോഴും പറയാറുണ്ട്‌, പ്രാസമൊപ്പിച്ചു എഴുതുന്ന വരികളുടെ ചാരുതയെ കുറിച്ച് !

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. വളരെ നന്ദി അനു.
      കവിത വായിച്ചതിനും, ഇഷ്ടപ്പെട്ടതിനും
      വരികള്‍ക്ക് മനസ്സിനെ നൊമ്പരപ്പെടുത്താന്‍
      കഴിഞ്ഞുവെന്ന് പറഞ്ഞതിനും.
      ആ അമ്മയ്ക്കെന്‍റെ സ്നേഹം

      Delete