Showing posts with label വിധവ. Show all posts
Showing posts with label വിധവ. Show all posts

Friday, August 17, 2012

വിധവ (മെയ്ഫ്ലവര്‍ കവിതകള്‍ )

കര നനഞ്ഞും, നിറ കവിഞ്ഞും
കരഞ്ഞൊഴുകുമീ പുഴപോലെ
കവിള്‍ നനഞ്ഞും, മിഴി നിറഞ്ഞും
കരഞ്ഞുരുകുന്നൊരു ഹൃദയമിവിടെ.


വേനല്‍ നിറച്ചൊരു നോവിന്‍റെ ചൂട്

വേദനയില്‍ നനഞ്ഞ് മിഴിയിലുരുകി

വേര്‍പാടിന്‍റെ വേദന ഹൃത്തടം നീറ്റി

വിരഹം നൊമ്പരമായ് നിറഞ്ഞൊഴുകി
.

അരികിലുണങ്ങി നില്‍ക്കുന്നൊരു മരം

അടര്‍ത്തിയിട്ട വരണ്ടൊരായിലകളില്‍

അഞ്ജനമെഴുതിയ മിഴിയിണകളില്‍ നിന്നും

അശ്രുകണങ്ങള്‍ തപിച്ചിതായുരുകുന്നു.


വരുമെന്ന് പറഞ്ഞു, വിടപറഞ്ഞൊരിക്കല്‍

വാക്കുകള്‍ കൊണ്ടെന്നെ ആശ്വസിപ്പിച്ചു

ഋതുക്കളെത്രയോ മാറിമറിഞ്ഞിട്ടിന്നും

ഋതുഭേദങ്ങളോര്‍ക്കാതെ കാത്തിരിക്കുന്നു.


കാലങ്ങളിങ്ങിനെ യാത്ര പറഞ്ഞകലുമ്പോള്‍

കൂന്തലില്‍ രജതരേഖകള്‍ തെളിയുമ്പോള്‍

കൂവളമിഴിയില്‍ കണ്ണട അലങ്കാരമാകുമ്പോള്‍

കാത്തിരിപ്പൊരു ദുരന്തമായ് മാറുന്നു.


സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും

സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും

വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും

വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.


പ്രിയനേ, ഒരു താലിയെന്‍ കഴുത്തിലണിയാതെ

പ്രിയനേ, നിന്‍ കരമെന്‍ കരത്തിലമരാതെ

പ്രിയനേ, നീയെനിക്കൊന്നുമേ ഏകാതെ

പ്രിയവധുവാകാതെ ,വിധവയായ് മാറി.


കാലമേ, നീ എനിക്കായ് കനിഞ്ഞേകിയ

കറുപ്പ് നിറഞ്ഞൊരീ ജീവിതമെന്തിന്

കരഞ്ഞുരുകി മനസ്സു വിങ്ങി തീരുവാനെങ്കില്‍

കാലമേ, പ്രളയമായ് വന്നെന്നെ തഴുകിയുറക്കൂ.