Sunday, August 26, 2012

കവിതയുടെ മരണം (മെയ്ഫ്ലവര്‍ കവിതകള്‍ )





എഴുതി തീര്‍ത്ത വരികളിലാണ്
മൃദുലമായ വാക്കുകള്‍ക്ക് ഞാന്‍
ഇരിക്കാനൊരു പട്ടുമെത്തയും
നിറയെ സുഗന്ധവും നല്‍കിയത്

ചിന്തകള്‍ കവിതകളായ് മെല്ലെ
ഒഴുകാന്‍ തുടങ്ങിയപ്പോഴായിരുന്നു
സഹജീവികളിലെ അസഹിഷ്ണുത
പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.

പരിഹാസം അക്ഷരമായൊഴുകാന്‍
തുടങ്ങിയപ്പോഴായിരുന്നു, ഞാന്‍
അക്ഷരങ്ങളുടെ മൃദുലത കളഞ്ഞ്
കട്ടിയുള്ള പുറം തോട് അണിഞ്ഞത്.

കറയില്ലാത്ത അക്ഷരങ്ങളില്‍
നിങ്ങളെപ്പോഴും കറുപ്പ് കാണാന്‍ 
ശ്രമിച്ചപ്പോഴായിരുന്നു എന്‍റെ
അക്ഷരങ്ങളില്‍ ചൂട് നിറഞ്ഞത്.

അക്ഷരങ്ങള്‍ക്ക് ജ്വലിക്കുമഗ്നിയുടെ
ചൂടാണെന്നും, അത് നിങ്ങളെയെല്ലാം
പൊള്ളിക്കാന്‍ തുടങ്ങിയെന്നും  ഞാന്‍
തിരിച്ചറിഞ്ഞപ്പോഴാണ്, എന്നിലെ
കവിത മരിക്കാന്‍ തുടങ്ങിയത്.

16 comments:

  1. പരിഹാസം അസൂയാലുവിന്റെ ആയുധമാണ്
    അതിനെ അവഗണിച്ചു മുന്നേറാം
    പക നിങ്ങളെ തന്നെ ഇല്ലാതാക്കുന്ന ഒന്നും

    ReplyDelete
  2. കരളില്‍ പടരുന്ന അക്ഷരങ്ങള്‍ മേഘമായ് അലയട്ടെ ...
    മഴ പോലെ ആത്മാവുകളിലേക്ക് പെയ്തിറങ്ങട്ടെ......
    നീ മരിച്ചാലും മരിക്കാതെ പാരില്‍ പടരട്ടെ
    നിന്റെ കവിതകള്‍ ...
    ആശംസകളോടെ.....

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഷലീര്‍ :)
      നന്ദി നല്ല വാക്കുകള്‍ക്ക് :)

      Delete
  3. വളരെ മനോഹരമായിരിക്കുന്നു ഈ കവിത ...
    എന്‍റെയും ആശംസകള്‍ ....

    ReplyDelete
  4. പുനര്‍ജീവനി...!!!
    കൊണ്ടുവരട്ടേ.......?

    ReplyDelete
    Replies
    1. വേണ്ട അജിത്തേട്ടാ
      പുനര്‍ജീവനി സ്വയം ഉണ്ടാക്കി.
      :)

      Delete
  5. വായിച്ചു... അര്‍ഥം കാര്യമായി ഒന്നും മനസ്സിലായില്ല ആദ്യം. പിന്നീട് ഒന്നുടെ വായിച്ചപ്പോള്‍ മനസ്സിലായി... ആരെങ്കിലും പരിഹസിച്ചോ???

    ReplyDelete
    Replies
    1. :)
      ഒന്നൂലാ വിഗ്നേഷ്, ആ എഴുതിയത് തന്നെയുള്ളൂ :)
      പരിഹാസം ചിലര്‍ക്കൊരു പലഹാരമാണ് :)

      നന്ദി

      Delete
  6. മനോഹരം.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  7. ഇനിയാ പൊയ്മുഖം അഴിച്ചുമാറ്റുക,
    നിന്റെ തൂലിക അക്ഷരങ്ങള്‍ക്ക് ജന്മം കൊടുക്കട്ടെ..
    നിന്നിലെ കവിത നീ തന്നെയാണ്,
    അവ മരിക്കാതിരിക്കണം..
    നീ ചാവേറല്ല, ആത്മഹത്യ രക്ഷപ്പെടലും അല്ല..:)
    എഴുതുക.. സ്വത്വം നഷ്ടപ്പെടാതെ...

    ReplyDelete
    Replies
    1. ഒരിക്കലും സ്വത്വം നഷ്ടപ്പെടില്ല.
      ചില സമയങ്ങളില്‍ മനസ്സില്‍ തോന്നുന്നത്
      വരികളിലൂടെ എഴുതിയിടും. അല്പം കഴിഞ്ഞാല്‍
      ഒക്കെ മാറും. വേറെ ചിന്തകളാവും. അതും എഴുതിയിടും

      നന്ദി നല്ല വാക്കുകള്‍ക്ക് :)

      Delete