Saturday, July 14, 2012

സൌഹൃദം (മെയ്ഫ്ലവര്‍ കവിതകള്‍ )


 
തൂലിക തുമ്പിലൂടൊഴുകി വന്നെത്തിയ
അക്ഷരപൂവായിരുന്നു എനിക്കു നീ
നിറഞ്ഞു തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിശയിലൂടൊഴുകിയെത്തും സുഗന്ധം
മിഴികളെ കൊതിപ്പിക്കും ലാവണ്യം
മൊഴികളില്‍ നിറഞ്ഞൊഴുകും ആര്‍ദ്രത
വര്‍ണ്ണിക്കാനറിയില്ല നിന്‍ സൌഹൃദം
വാക്കിനാല്‍ പറയാനുമാവില്ല സൌഹൃദം
ഒരു ചുംബനത്തിന്‍റെ അകലമേയുള്ളൂ
സൌഹൃദം പ്രണയമായൊഴുകുവാനെന്ന്
കളിയായ് പറഞ്ഞപ്പോഴും,നിലാവൊഴുകും
നിന്നധരങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയില്‍
വിരിഞ്ഞത് സൌഹൃദം മാത്രമായിരുന്നു.
കണ്ട നാള്‍ മുതല്‍ ഈ നിമിഷം വരെ
സ്നിഗ്ദ്ധമാം സൌഹൃദമെന്തെന്നറിഞ്ഞു ഞാന്‍
മൊഴികളില്‍ നിറയെ മധുരം പുരട്ടാതെ
മിഴികള്‍ക്കു പുറകില്‍ കുടിലതയില്ലാതെ
ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചെനിക്ക് കൂട്ടായ്
കരയുമ്പോള്‍ മിഴിനീരൊപ്പും തൂവാലയായ്
കാണാതെ മൊഴിയാതെ കൂട്ടായെനിക്കെന്നും
നിന്‍ ഹൃദയാക്ഷരങ്ങള്‍ കൂടെയുണ്ട് സഖീ
വരണ്ട മരുഭൂമിയിലിരുണ്ട വീഥികളില്‍
വേനലിന്‍ ചൂടേറ്റു പിടയും നിമിഷങ്ങളില്‍
തെളിഞ്ഞ സൌഹൃദത്തിന്‍ സ്നേഹദൂതുമായ്
കാത്തിരിപ്പുണ്ടെന്‍ താളില്‍ നിന്‍ മൊഴികള്‍
തൂലികതുമ്പിനാല്‍ വിരിയിക്കും മഴവില്ലിന്‍
സൌഹൃദതണലിന്‍ താഴെയാണിന്നു ഞാന്‍
ഈറന്‍ മുളംതണ്ടില്‍ നിന്നൊഴുകിയെത്തുന്ന
ഈണങ്ങളൊക്കെയും ചുറ്റിനും നിറയുന്നു
നരച്ചൊരാ ഓര്‍മ്മകളൊക്കെയും യാത്രയായ്
നിറഞ്ഞൊരീ സൌഹൃദസ്പര്‍ശത്താലെങ്കിലും
ഇനിയും പിറക്കാനിരിക്കുന്ന നിമിഷങ്ങളില്‍
ഇടറാതെ, വേണമീ സൌഹൃദമെനിക്കെന്നും
നിറഞ്ഞ മനസ്സും തെളിഞ്ഞ മിഴിയുമായ്
നീയെനിക്കേകിയ സൌഹൃദത്തിനെന്‍
സ്നേഹാക്ഷരങ്ങളാല്‍ കുറിക്കുന്നു പ്രണാമം. :)

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ :)

5 comments:

  1. “തൂലികതുമ്പിനാല്‍ വിരിയിക്കും മഴവില്ലിന്‍
    സൌഹൃദതണലിന്‍ താഴെയാണിന്നു ഞാന്‍“

    ഈ തണലില്‍ ഇത്തിരി നേരം!!!

    ReplyDelete
  2. നീയെനിക്കേകിയ സൌഹൃദത്തിനെന്‍
    സ്നേഹാക്ഷരങ്ങളാല്‍ കുറിക്കുന്നു പ്രണാമം. :)
    ഹൃദയം നിറഞ്ഞ ആശംസകള്‍ മെയ്‌....

    ReplyDelete
  3. അക്ഷരപ്പൂവിന്റെ സൗഹൃദം...അതിന്റെയരികിൽ ഞാനുമൽപനേരം.

    ReplyDelete
  4. പ്രവീണ്‍ , അജിത്തേട്ടന്‍ , അനൂ , വിജയേട്ടന്‍ വളരെ നന്ദി
    വന്നതിനും വായിച്ചതിനും വിലയേറിയ അഭിപ്രായങ്ങള്‍ കുറിച്ച് വെച്ചതിനും :)

    ReplyDelete