Thursday, August 30, 2012

മാമ്പഴം (മെയ്ഫ്ലവര്‍ കവിതകള്‍ )


അറിയാത്ത ഏതോ വഴികളിലൂടെ

അലസമായ് അലഞ്ഞു തിരിയുന്നു

അഴലൊഴിയാത്തൊരീ അമ്മ മനസ്സ്.

ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം

അണിയറയിലമര്‍ന്നു എന്നോ ഒടുങ്ങി

അക്ഷരമറിഞ്ഞു തുടങ്ങിയ നാളില്‍

അങ്കണത്തൈമാവിലെയാ “മാമ്പഴം”

അഴല്‍ നിറച്ചു കരയിച്ചതെന്തിനെന്ന്

അറിഞ്ഞതും അനുഭവിച്ചതുമിപ്പോഴാണ്‍.

അഞ്ചു വയസ്സു വരെ നിറഞ്ഞൊരാ ചിരി

അമ്മയെ കണ്ണീരിലാഴ്ത്തുന്ന ഓര്‍മ്മയായ്,

ആയുസ്സു മുഴുവനും നീറ്റുന്ന വേദനയായ്,

അടഞ്ഞ മുറിയിലിരുത്തി കരയിക്കുന്നുണ്ട്.

അകലേ ചിരിക്കുന്ന താരങ്ങളിലൊന്നായ്

അമ്മയെ നോക്കി കണ്ണിറുക്കുന്ന കുഞ്ഞേ

അച്ഛന്‍റെ തോളിലിരിക്കേണ്ടെ നിനക്ക്?

അമ്മയുടെ താരാട്ടുപാട്ടു കേള്‍ക്കേണ്ടേ?

അമ്മേ,അമ്മേ വിശക്കുന്നെനിക്കെന്‍റെ

അത്താഴമിപ്പോ തരണമെന്നൊക്കേ

അന്നത്തെ പോലേ വാശിയെടുക്കേണ്ടേ?

അച്ചാറു ചേര്‍ത്തു കഞ്ഞി കുടിച്ചിട്ടിനി

അമ്മേ, എരിയുന്നു എന്നു പറയേണ്ടേ?

അകലെയിരുന്ന് കണ്ണിറുക്കാതെ കുഞ്ഞേ

അരികത്തു വന്നീ കവിളിലൊരുമ്മ തരൂ. 

അന്ധകാരം നിറഞ്ഞൊരീ രാത്രിയില്‍

അന്തിത്തിരി കത്തിച്ച കുഴിമാടത്തില്‍

അബലയെ പോലെയിരുന്നു കരയുമീ

അമ്മതന്‍ ചാരത്തു വന്നൊന്നു പോകൂ നീ.

അതുവരെ വേദന തീരില്ല കുഞ്ഞേയെന്‍

അവസാനം വരെയീ കണ്ണീരു മാത്രം.

അവനിയിലൊഴുകി പടരുമീ തുള്ളികള്‍

അമ്മതന്‍ കുഞ്ഞിനു ബലിയായ് തരുന്നു.

 

9 comments:

  1. മാമ്പഴം എന്ന പ്രശസ്ത കവിതയ്ക്ക് ഒരു ആസ്വാദനം എഴുതിയത് പോലെയേ എനിക്കിത് വായിച്ചപ്പോള്‍ തോന്നിയുള്ളൂ..പുതുമയൊന്നും ഇല്ല....അതേ വിഷയം എടുത്തു ഒന്ന് മാറി എഴുതാമായിരുന്നു..എന്റെ അഭിപ്രായം മാത്രമാണ്...

    ReplyDelete
  2. അ കൂട്ടിപ്പിടിച്ചുള്ള കവിത അസ്സലായി!!

    ReplyDelete
  3. വൈകിയാണേലും 'അ' കൂട്ടിയുള്ള നല്ലൊരു കവിത വായിക്കാന്‍ സാധിച്ചു ..!

    ReplyDelete
  4. അ കൊണ്ടുള്ള വരികൾ ഹൃദ്യമായിരിക്കുന്നു..

    ReplyDelete
  5. ആദ്യം മുതല്‍
    അവസാനം വരെ
    ആസ്വദിച്ചു .

    ReplyDelete
  6. അറിയാത്ത ഏതോ വഴികളിലൂടെ
    അലസമായ് അലഞ്ഞു തിരിയുന്നു ശരിയ അലയുകയാ.....

    ReplyDelete
  7. അറിയാത്ത ഏതോ വഴികളിലൂടെ
    അലസമായ് അലഞ്ഞു തിരിയുന്നു ശരിയ അലയുകയാ.....

    ReplyDelete