Monday, August 20, 2012

ജീവിതത്തില്‍ നിന്നൊരേട് :)



ചിതറി തെറിക്കുന്ന ജലകണങ്ങള്‍ പോലെയാണ് ചില സമയത്ത് ഓര്‍മ്മകള്‍ .
നനഞ്ഞു കുതിര്‍ന്ന മണ്‍‍‍തരികളിലൂടെ കുഞ്ഞു പാദങ്ങളുമ്മ വെച്ചു നടന്നിരുന്ന കാലം തൊട്ട് സൌഹൃദത്തിന്‍റെ നനഞ്ഞ ഊടുവഴികളിലൂടെ മാത്രം സഞ്ചരിച്ച് ഇവിടെയെത്തി നില്‍ക്കുമ്പോഴും തോളോട് തോള്‍ ചേര്‍ന്ന് നിഴലായ് കൂടെയുള്ളൊരു സുഹൃത്തെനിക്കുണ്ട്.


അമ്പലമുറ്റത്തും, കൊയ്ത്തു കഴിഞ്ഞ പാടത്തും തുകല്‍ പന്തുകൊണ്ട് അസ്തമയ സൂര്യന്‍ മറഞ്ഞു പോകുന്നതു വരെ ക്ഷീണമറിയാതെ കളിച്ച ദിനങ്ങളിലും , രാത്രിയുടെ നിശ്ശബ്ദതയില്‍ , അമ്പലപ്പറമ്പിലെ പഞ്ചാരമണലില്‍ മാനത്തോട്ടു നോക്കി കിടന്ന് നക്ഷത്രങ്ങളെയും നിലാവിനെയും പറ്റി വാ തോരാതെ പറഞ്ഞ രാത്രികളിലും , മഴ പെയ്യുന്ന നേരം തൊട്ടടുത്ത വീട്ടിലേക്കോടിക്കയറി വരാന്തയിലിരുന്ന് , മേല്‍ക്കൂരയില്‍ നിന്നൊഴുകിയിറങ്ങുന്ന ജലകണങ്ങളെ ഇരു കാല്പാദങ്ങള്‍ കൊണ്ടു തട്ടിത്തെറിപ്പിച്ചു കളിക്കുമ്പോഴുമെല്ലാം ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ എന്‍റെ അരികു ചേര്‍ന്ന് നീയുണ്ടായിരുന്നു.



മഴ പെയ്യുന്ന രാവും പകലും അമ്പലപ്പറമ്പിനടുത്തുള്ള പണി തീരാത്ത വീട്ടിലിരുന്നു ചീട്ടുകളിച്ച്, ചെവിയില്‍ മച്ചിങ്ങ കൊണ്ടുള്ള കുണുക്കിട്ടിരിക്കുമ്പോഴും അപ്പുറത്ത് എന്നെ അനുകരിക്കാനും നീ കൂടെയുണ്ടായിരുന്നു.
ബാല്യം തൊട്ടിന്നു വരെ എന്‍റെ മനസ്സിനെ തൊട്ടു തലോടി പോയ ഒരുപാട് സൌഹൃദങ്ങളുണ്ട്. ചിലതു ചിന്തിപ്പിച്ചും, ചിലതു ചിരിപ്പിച്ചും , ചിലതു വിസ്മയിപ്പിച്ചും, ചിലത് വേദനിപ്പിച്ചും, മനസ്സില്‍ നിന്നും, കണ്മുന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ,സൌഹൃദമെന്ന വാക്കിന്‍റെ പരിശുദ്ധി
ഞാനറിഞ്ഞതും അനുഭവിച്ചതും നിന്നിലൂടെയായിരുന്നു.

നിറഞ്ഞ സൌഹൃദമെന്തെന്ന ചോദ്യത്തിന് .മഞ്ഞുതുള്ളിയുടെ നനവു മാത്രം ഹൃദയത്തിലേക്ക് നിറച്ചു തന്ന് മനസ്സു നിറക്കുന്ന നിന്നെയല്ലാതെ വേറെ ആരെ ഞാന്‍ ചൂണ്ടി കാണിക്കും ?ഞാനില്ലെങ്കിലും എന്‍റെ വീട്ടിലെ ഏതു കാര്യത്തിലും എന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ ഓരോ കാര്യങ്ങള്‍ നീ ചെയ്തു തീര്‍ക്കുമ്പോഴും, കടലിനിക്കരെ നിനക്കു കാണാന്‍ കഴിയാത്ത ദൂരത്തിരുന്ന് നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതിനു പകരം നിന്‍റെ കൂടെ കൂടാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക്.

മയില്പീലിയും, കാല്പന്തും, മഷിത്തണ്ടും കളിവഞ്ചിയുമൊക്കെ അവസാനിക്കുമ്പോള്‍ മണ്ണടിയുന്ന സൌഹൃദങ്ങള്‍ ,വര്‍ഷങ്ങള്‍ മാറുന്നതോടൊപ്പം മാറി മറയുന്ന വിദ്യാലയത്തിലെ സുഹൃത്തുക്കള്‍ ,
പ്രണയമെന്ന വികാരത്തിനു വഴിമാറുന്ന മനസ്സുമായി കലാശാലകളിലേക്ക് യാത്രയാവുമ്പോള്‍ ,വര്‍ണ്ണങ്ങള്‍ നിറഞ്ഞ വഴിത്താരകളിലെ വിസ്മയങ്ങളിലൂടെ മനസ്സു വഴിമാറി സഞ്ചരിക്കുമ്പോള്‍ അന്നുവരെയുണ്ടായിരുന്ന സൌഹൃദത്തോട് യാത്രാമൊഴി പോലും പറയാതെ അകന്നു പോകുന്ന സുഹൃത്തുക്കള്‍ .


ഇത്രയും കാലത്തിനിടയിലെ ഈ കൊച്ചു ജീവിതത്തിലറിഞ്ഞ സൌഹൃദങ്ങളെത്രയോ ആണ്. ഒരായിരം സുഹൃത്തുക്കള്‍ ഇവിടെ നിന്നും അവിടെ നിന്നുമായി എന്‍റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
എങ്കിലും ഈ ഒരൊറ്റ സുഹൃത്ത് മതിയെനിക്ക് , സൌഹൃദത്തിന്‍റെ ആഴവും പരപ്പും സുഖവും കുളിര്‍മ്മയുമെല്ലാം എന്തെന്ന് അറിയിക്കാനും അനുഭവിപ്പിച്ച് കൂടെ നടക്കാനും. അടുത്തറിഞ്ഞിട്ടും, ഒരുപോലെ ചിന്തിച്ചിട്ടും ഒരുമിച്ചിരിക്കാന്‍ കഴിയാതെ പോയതിന്‍റെ വേദന മാത്രം മനസ്സിനെ ചിലപ്പോഴൊക്കെ ശ്വാസം മുട്ടിക്കുമ്പോഴാണ് നീ എത്രത്തോളം എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
പതിഞ്ഞു കിടക്കുന്നതെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്.


ഇതു തന്നെയാണ് നിന്‍റെ അവസ്ഥയെന്നുമെനിക്കറിയാം കാരണം നമ്മുടെ മനസ്സിലെ സൌഹൃദത്തിനു ഒരര്‍ത്ഥവും ഒരു വികാരമേയുള്ളൂ.ഇരുപത്തിയഞ്ച് കൊല്ലത്തെ ദീര്‍ഘമായ സൌഹൃദം തെളിഞ്ഞ പുഴപോലെ തടസ്സങ്ങളില്ലാതെ ഒഴുകിയൊഴുകിയൊടുവിലാ മഹാസമുദ്രത്തിലൊന്നു ചേര്‍ന്നു നാം
പിരിയുന്നതുവരെ(അതോ കൂടിച്ചേരുന്നതോ ) എന്‍റെ മനസ്സിലെ സൌഹൃദത്തിന്‍റെ നിര്‍വ്വചനം നീയാണ്. :)

8 comments:

  1. വരികളും,ചിത്രങ്ങളും നന്നായി.ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി ചന്ത്വേട്ടാ :)

      Delete
  2. ഹൃദ്യമായ കുറിപ്പ്.
    നല്ല ഗൃഹാതുരത്വം നല്‍കുന്ന വരികള്‍ .
    സുഖവും നോവുമുള്ള ഓര്‍മ്മകളുടെ കളിവഞ്ചിയില്‍ കയറിയൊരു യാത്ര. മനോഹരം.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചെറുവാടി :)
      ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം :)

      Delete
  3. കവിത
    കാല്പനികം

    കൊള്ളാട്ടോ

    ReplyDelete
  4. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ...അനുഗ്രഹിക്കണം

    ReplyDelete
  5. മയില്പീലിയും, കാല്പന്തും, മഷിത്തണ്ടും കളിവഞ്ചിയുമൊക്കെ അവസാനിക്കുമ്പോള്‍ മണ്ണടിയുന്ന സൌഹൃദങ്ങള്‍ ,വര്‍ഷങ്ങള്‍ മാറുന്നതോടൊപ്പം മാറി മറയുന്ന വിദ്യാലയത്തിലെ സുഹൃത്തുക്കള്‍....'....
    ഹൃദയത്തില്‍ തൊട്ട കുറിപ്പ്.. പൂവേ.. തുടരുക!! :)

    ReplyDelete